തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോൺഗ്രസ്-ബിജെപി സംഘർഷം രൂക്ഷമായതിന് പിന്നാലെ തിരുവനന്തപുരത്ത് ഡിസിസി ഓഫീസടക്കം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണവും കല്ലേറും. നെയ്യാറ്റിൻകര ആനാവൂരിലെ കോൺഗ്രസ് മണ്ഡലം ഓഫീസിന് തീയിട്ടതായും റിപ്പോർട്ടുണ്ട്.
ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണം ഏറെ പ്രതിഷേധാർഹമാണെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ബിജെപി നേതൃത്വത്തിന്റെ അറിവോടും ഒത്താശയോടും പ്രേരണയോടുമാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നതെന്നാണ് സണ്ണി ജോസഫിന്റെ ആരോപണം.
ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബിജെപി വിശ്വസിക്കുന്നതെന്നും ഇത്തരം രീതികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. അക്രമ രാഷ്ട്രീയത്തിന് മുന്നിൽ കോൺഗ്രസ് വഴങ്ങില്ലെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തെ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ദേശീയതലത്തിൽ നേരിടുന്ന തിരിച്ചടികളിൽ നിന്നും മറ്റ് വിഷയങ്ങളിൽ നിന്നും പൊതുജനശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു. അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് യുവമോർച്ചയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം ശക്തമായത്.